2014, മാർച്ച് 8, ശനിയാഴ്‌ച

സന്യാസിയുടെ അധികാരവും അധികാരമില്ലായ്മയും


Click for English 
 സന്യാസിയുടെ അധികാരവും അധികാരമില്ലായ്മയും എന്തൊക്കെയാണ് എന്ന്
പരിശോധിക്കുകയാണ് ഈ ബ്ളോഗിന്റെ ലക്ഷ്യം.
ഈ വിഷയത്തില്‍ മലയാളത്തിലെ ആദ്യ ബ്ലോഗ്‌ ഇതാണെന്ന് തോന്നുന്നു.
     ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം  എന്നിങ്ങനെയാണല്ലോ    ചതുരാശ്രമവ്യവസ്ഥ. അതിനര്‍ഥം ഗാര്‍ഹസ്ഥ്യത്തിനു ശേഷം വാനപ്രസ്ഥ സന്യാസങ്ങള്‍ എന്നുമാണ്. ചിലര്‍ക്കാകട്ടെ ചാട്ടം വലിയ പ്രിയമാണ്. ആരുടെയും സ്വാതന്ത്ര്യത്തില്‍ കൈകടത്താത്ത സനാതന സംസ്കാരം അതങ്ങനെ തന്നെയാകട്ടെ എന്നു അനുവദിച്ചു.
അങ്ങനെയാണ് ഇന്‍സ്റ്റന്റ് സന്യാസിമാര്‍ അവതരിച്ചത്.
എല്ലാ ബന്ധവും ഉപേക്ഷിച്ചു മാതൃ പിതൃ ആത്മ പിണ്ഡങ്ങള്‍ വെച്ച് ബലിയിട്ട് ശിഖയും പൂണൂലും     മുറിച്ച് കുളിച്ചു വന്നു കാവി ധരിക്കുമ്പോള്‍ സന്യാസിയായി. ഉച്ചക്കു ഒരുനേരം മാത്രം അതും  അരവയര്‍ ആഹാരം, ഉടുത്തിരിക്കുന്നതും മേലിട്ടിരിക്കുന്നതും മാത്രം സമ്പാദ്യം. ഭിക്ഷാടനത്തിലൂടെ കിട്ടുന്നത് മാത്രം ആഹാരം. മഹാവാക്യങ്ങളായ തത്വമസി, അഹം ബ്രഹ്മാസ്മി, അയമാത്മാ ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ എന്നിവ ജപിച്ച് ഉപനിഷദ് പഠിച്ചുകൊണ്ട് കാലം കഴിക്കുക. ആരോടും ഒരിക്കലും കോപിക്കരുത് . പ്രകോപനപരമായ ചോദ്യത്തിന് പോലും പുഞ്ചിരിയോടെ മറുപടി നല്‍കണം .കഴിയുന്നതും തറയില്‍ ഇരിക്കണം . അതിനു മടിക്കുന്നവന്‍ സന്യാസിയല്ല.
 ഗൃഹസ്ഥകര്‍മ്മങ്ങളായ വിവാഹാദി കര്‍മ്മങ്ങളിലും മറ്റ് സദ്യ ഉള്ളതായ ചടങ്ങുകളിലും പന്കെടുക്കാന്‍ പാടില്ല. നിമിത്ത ശാസ്ത്രമനുസരിച്ച് ഇത്തരം അവസരങ്ങളിലും യാത്രാരംഭത്തിലും സന്യാസിയുടെ ആഗമനം അഥവാ സാന്നിധ്യം അശുഭമാണ്. ജ്യോതിഷശാസ്ത്രവും ഇതു തന്നെ       അനുശാസിക്കുന്നു.സന്യാസിയെ കാണാനിടയായാല്‍ " സചേലസ്നാനം  " - ഉടുത്ത വസ്ത്രത്തോടെയുള്ള കുളി- വേണമെന്നു വേദ പണ്ഡിതന്മാര്‍ നിര്‍ദ്ദേശിക്കുന്നു.
 സന്യാസി   പുരോഹിതനല്ല. അതിനാല്‍ പൌരോഹിത്യ ക്രിയകള്‍ ചെയ്യരുത് , അതിനു സന്യാസിയെ അനുവദിക്കുകയുമരുത്. ഗൃഹസ്ഥന്‍ ഒരിക്കലും സന്യാസിയെ ഗുരുവാക്കുകയോ ഗൃഹസ്ഥനെ സന്യാസി ശിഷ്യനാക്കുകയൊ ചെയ്യരുത്.
മറ്റ് മൂന്നു ആശ്രമക്കാര്‍ക്കും ചെലവിനു കൊടുക്കുന്നതിനാല്‍ ഗൃഹസ്ഥനാണ് ഉത്തമാശ്രമി. മറ്റവര്‍ ഗൃഹസ്ഥനു താഴെയാണ്. താഴെയുള്ളവന്‍ എങ്ങനെ മുകളിലുള്ളവനു ഗുരുവാകും?
അവനവന്റെ അധികാരം അറിയാത്തവനെ പൂജിച്ചു മഹാപാപിയാകാതിരിക്കുക.
സന്യാസിക്കു മൂര്‍ത്തിപൂജയ്‌ക്കുള്ള  അധികാരം ഇല്ലാത്തതിനാല്‍ ക്ഷേത്രദര്‍ശനം പാടില്ല. ‍ക്ഷേത്രം ഗൃഹസ്ഥനുള്ളതാണ്. അവിടെ സന്യാസി കയറിയാല്‍ പുണ്യാഹശുദ്ധി നടത്തണം. സന്യാസി ആശ്രമത്തിലോ വനത്തിലോ കഴിയണം. ഏതെന്കിലും ഗ്രാമത്തില്‍ തങ്ങാനിടയായാല്‍ ഒരു ദിവസം മാത്രമേ തങ്ങാവൂ. മേല്‍വസ്ത്രം വിരിച്ച് വെറും തറയിലാണ് കിടക്കേണ്ടത്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവന്‍ സന്യാസിയല്ല. ഗൃഹസ്ഥനായിരിക്കും. ജോലി ചെയ്യാതെ ആര്‍ഭാടമായി ജീവിക്കാനുള്ള മാര്‍ഗ്ഗമായി സന്യാസത്തെ തെരഞ്ഞെടുക്കുന്നവരെ ഹിന്ദു സമൂഹം ഒഴിവാക്കുക. അങ്ങനെയുള്ള പാപികളുമായി യാതൊരു സംസര്‍ഗ്ഗവും ഗൃഹസ്ഥന്‍ ചെയ്യാതിരിക്കുന്നത് അവനവനും സമൂഹത്തിനും നല്ലത്.
കാവി വസ്ത്രം എല്ലാം ഉപേക്ഷിച്ചവന്റെയാണ്. അതിനാല്‍ ഗൃഹസ്ഥന്‍ കാവി ധരിക്കരുതു. കാവി ധരിച്ച് ക്ഷേത്രത്തില്‍ പോകുകയോ പൂജ ചെയ്യുകയോ അരുത്. അവനവനു ഉള്ളതില്‍ ഏറ്റവും വില കൂടിയ വസ്ത്രം ധരിച്ചാണ് ക്ഷേത്രദര്‍ശനം, പൂജ എന്നിവ നിര്‍വഹിക്കേണ്ടത്. ഇത് ശാസ്ത്രം. ശ്രേഷ്ഠന്മാരേയും പണ്ഡിതന്മാരേയും അനുകരിക്കാം, സന്യാസിയെ അല്ല. വൈദിക താന്ത്രിക ക്രിയകള്‍ ഗൃഹസ്ഥര്‍ക്കുള്ളതാണ് എന്നു ഓര്‍മ്മിക്കുക.
സന്യാസിമാരെക്കുറിച്ചും അവരുടെ രീതികളെ കുറിച്ചും കൂടുതല്‍  അറിയാന്‍  ആരുണികോപനിഷത് , ഭിക്ഷുകോപനിഷത്   , ആശ്രമോപനിഷത് ,മഹോപനിഷത്  തുടങ്ങിയ സന്യാസ ഉപനിഷത്തുകള്‍ പരിശോധിക്കുക.( ആംഗലത്തില്‍ ഉള്ള സന്യാസ ഉപനിഷത്ത് , മഹോപനിഷത് വേറെ ചില സന്യാസ ഉപനിഷത്കള്‍    വായിക്കാം.)
സനാതന ധര്‍മ വിരോധികളായ അഹിന്ദുക്കള്‍ക്കും കംമ്യൂനിസ്ട്ടുകാര്‍ക്കും യുക്തിവാദി കള്‍ക്കും പ്രിയനാകുന്ന സന്യാസി ഒരിക്കലും സനാതന ധര്മ്മിയല്ല.അയാളെ  സനാതന ധര്മ്മികള്‍ ബഹിഷ്ക്കരിക്ക തന്നെ വേണം. സനാതന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സനാതന ധര്‍മ്മ പണ്ഡിതന്മാരെ മാത്രമേ ഉദ്ധരിക്കാവൂ. സാഹിത്യകാരന്മാരേ അല്ല. സുകുമാര്‍ അഴിക്കൊടിനെയും മറ്റും ചിലര്‍ ഉദ്ധരിച്ചു കേട്ടിട്ടുണ്ട്. അഴിക്കോട് സനാതന ധര്‍മ പ ണ്ഡിതനല്ല. മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തിനു കടപ്പാട് വൈഗാ ന്യൂസ്.
ഈ വിഷയത്തില്‍ ബ്ലോഗ്ഗറുടെ അധികാരം അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതുകൂടി വായിക്കുക സന്യാസിയുടെ സ്വാമി ആര്?

14 അഭിപ്രായങ്ങൾ:

  1. പ്രഭാകരദാസ്,
    താങ്കളൊരു മിതഭാഷിയായതു നന്നായി. ഞാനായിരുന്നെങ്കിൽ, ഇന്നത്തെ സന്യാസി വേഷക്കാർ കാട്ടി കൂട്ടുന്ന കോമാളിത്തത്തിന് ഇതിൽ കൂടുതലും പറഞ്ഞേനെ. അല്ലെങ്കിൽ തന്നെ, ഭാരതീയ സംസ്കാരത്തിൽ ഗിരിപ്രഭാഷണങ്ങൾക്കെന്തു പ്രസക്തി? അത് സെമിറ്റിക് മതങ്ങളുടെ പാരമ്പര്യമാണ്. അവ പ്രവാചക റിലിജ്യണുകൾ (റെലിഗൊസ് എന്ന ലത്തീൻ വാക്കിന്റെ അർത്ഥം നിയമ സംഹിത എന്നാണ്) ആണ്. ഭാരതത്തിൽ, ഗുരു ഇരിക്കുന്നിടത്തു ചെന്ന് ചോദിക്കുന്നവർക്ക് പറഞ്ഞു കൊടുക്കുകയാണ് ഗുരുനാഥൻ ചെയ്തിരുന്നത്.
    താങ്കൾ പറഞ്ഞതു പോലെ, ഗൃഹസ്ഥനെ ഉപദേശിക്കാൻ സന്യാസി ആര്. ഒരു ഭാര്യക്ക് ഒരു നേരം ഭക്ഷണം വാങ്ങിക്കൊടുക്കനോ, ഒരു പുത്രനെ ഉത്പാദിപ്പിച്ച് ദൈവ കല്പിതമായ സ്വന്തം വംശ വർദ്ധന ഉറപ്പിക്കാനോ കഴിയാത്ത ഈ മ്ലേച്ഛന്മാർ എന്ത് പ്രസംഗിക്കാൻ. "അതേ വരുന്ന വഴിക്ക് പാലും, ഇഡ്ഡലിമാവും വാങ്ങി കൊണ്ടു വന്നില്ലെങ്കിൽ നാളെ കാപ്പിയും ഇഡ്ഡലിയും ഉണ്ടാവില്ല" എന്നു പറയാൻ ഇവനൊക്കെ ഭാര്യ എവിടെ. നാലുനേരവും, ചുറ്റിലും നിൽക്കുന്ന ഉപജാപക വൃന്ദം മൃഷ്ടാന്നമല്ലേ കൊടുക്കുന്നത്. പിന്നെ അവനവനു ചെയ്യാൻ കഴിയാത്ത എന്തും പ്രസംഗിച്ചു കൊണ്ടു നടക്കാമല്ലോ.
    സ്വയം അഭിമാനിക്കുന്ന സന്യാസത്തിനെ പറ്റി തന്നെ ഈ വിഡ്ഡ്യാസുരന്മാർക്കൊന്നും അറിയില്ല. അതിനിടക്കാണ് ആഗമാദ്യുദ്ഘുഷ്ടമായ തന്താദികളെയും, തദ്ഭവമായ ക്ഷേത്രങ്ങളെയും പറ്റി ഈ എഭ്യന്മാർ അധികപ്രസംഗം നടത്തുന്നത്. എന്തായാലും ഇതിനോട് കൂട്ടിവായിക്കാൻ എന്റെ ബ്ലോഗും നല്ലതാണ്
    http://hainda.blogspot.in/

    മറുപടിഇല്ലാതാക്കൂ
  2. ഇത് പറയപെട്ട ആചാര്യ ഉപദേശ ങ്ങളും കൂടി വ്യകതമാക്കെണ്ടതുണ്ട്... ആധുനിക സന്യാസി മാർക്കും അവരുടെ പരിവാരങ്ങൾക്കും നല്ലൊരു ഗുണ പാഠം ഈ ലേഘനം നല്കുന്നു . ഒരു പക്ഷെ ഇതെല്ലാം അറിയുന്ന സന്യാസി മാർ ഇക്കാര്യം ഒളിച്ചു വച്ച് ജീവിതം നയിയ്ക്കുന്നു എന്നത് കാലത്തിന്റെ വിചിത്രമായ സൃഷ്ടിയും ആവാം ...

    മറുപടിഇല്ലാതാക്കൂ
  3. അഭിപ്രായത്തിനു നന്ദി. ഉപദേശങ്ങള്‍ മുഴുവന്‍ ഉദ്ധരിച്ചാല്‍ ബ്ലോഗ്‌ വളരെ വലുതാകും .അതുകൊണ്ട് ലിങ്കില്‍ ഒതുക്കി. താല്‍പര്യമുള്ളവര്‍ ഉപനിഷത്തുകള്‍ നോക്കട്ടെ എന്നു ചിന്തിക്കുന്നു. എന്തായാലും താങ്കളുടെ നിര്‍ദ്ദേശം മനസില്‍ വെക്കുന്നു. സാധ്യമായാല്‍ അതൊരു ബ്ലോഗ്‌ ആക്കാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദാ ഇപ്പോ ഇയാൾ പരസ്യമായി പറഞ്ഞിട്ടുണ്ട്, "ഞാൻ ഒരു കമ്മ്യൂണിസ്റ്റ് കാരനാണ്, എന്റെ യുദ്ധം അന്ധവിശ്വാസത്തിനെതിരെയാണ്, ലോകത്തെ ആദ്യത്തെ കമ്മ്യുണിസ്റ്റ് പുസ്തകം ഗീതയാണ്, ആദ്യത്തെ കമ്മ്യൂണിസ്റ്റ് കാരൻ കൃഷ്ണനാണ്" എന്നൊക്കെ. കമ്മ്യൂണിസ്റ്റിന്റെ ആദ്യത്തെ സിദ്ധാന്തം തന്നെ "വൈരുദ്ധ്യാത്മക ഭൗതികവാദമാണ്' വൈരുദ്ധ്യമായാലും അല്ലെങ്കിലും, ഭൗതികവാദവും സന്യാസവും തമ്മിലെന്തു ബന്ധം? അത്രയുമല്ല, സബ്ജക്ടീവ് ഐഡിയലിസത്തിൽ നിന്നും വ്യത്യസ്തമായി, കമ്മ്യൂണിസ്റ്റു സിദ്ധാന്തത്തിന്റെ അടിത്തറ തന്നെ ഒബ്ജക്ടീവ് മറ്റീരിയലിസമാണ് (വസ്തുനിഷ്ഠ ഭൗതികവാദം). അപ്പോൾ ഇയാൾ സ്വയം ആരോപിക്കുന്ന കമ്മ്യൂണിസം പോലും എന്താണെന്ന് ഇയാൾക്കറിയില്ല. സന്യാസമെന്താണെന്നും അറിയില്ല. ഇപ്പോഴും ഹിന്ദു മണ്ടന്മാർ ഇയാളെ അധികപ്രസംഗത്തിനു വിളിക്കുന്നുണ്ടല്ലോ!
      എന്തായാലും മറ്റു മതക്കാരുടെ കാര്യങ്ങൾ അവരുടെ സംഘടനകളും, ഹിന്ദുക്കളുടെ കാര്യങ്ങൾ മതേതര കോടതികളും ആണ് തീരുമാനിക്കുന്നത് എന്ന നിലക്ക്, ഇയാൾക്കെതിരെ നമ്മുടെ കുമ്മനം രാജശേഖരനോ മറ്റോ ഒരു കേസ് ഫയൽ ചെയ്തുകൂടെ? സന്യാസിയാണെന്നു പറഞ്ഞ് ഇയാൾ ഹിന്ദുക്കളെ പറ്റിക്കുകയാണെന്ന്.
      എന്തു പറയുന്നു ചെത്തല്ലൂരും വിജയനും?

      ഇല്ലാതാക്കൂ
  4. 100% മണ്ടത്തരമാണ്‌ എഴുതിയിരിക്കുന്നത്. . ഈ പറഞ്ഞത് ശരിയാണെങ്കിൽ വ്യാസനും വസിഷ്ഠനും പരാശരനും തുടങ്ങി ആരും സന്യാസിമാരായിരുന്നില്ല. , കോപിക്കുന്നവൻ സന്യാസിയാവാൻ പാഠില്ലെങ്കിൽ ദുർവ്വാസാവ് സന്യാസിയായിരിക്കില്ല. ഇതിൽ പറയുന്ന എല്ലാ ആശയവും വൈദിക ധർമ്മവുമായ് ബന്ധമുള്ള വികലത്തരങ്ങൾ മാത്രം. ഇനി സന്യാസി എന്നു പറയപ്പെട്ട ശ്രീ രാമകൃഷ്ണനും, കബീർ ദാസും, തുളസീ ദാസും എന്തിനധികം വൈഷ്ണവ സന്യാസിമാരെല്ലാം സന്യാസിമാരല്ലെന്നു പറയണം. നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും സ്വാമി വിവേകാനന്ദനും ചിന്മയാനന്ദൻ വരെ എല്ലാവരും ഈ ബ്ലോഗിൽ വിവരിച്ച പ്രകാരം ആണെങ്കിൽ ലിസ്റ്റിനു പുറത്താണ്‌. ഇവരെ കണ്ടാൽ കുളിക്കണം എന്നാണു പറയുന്നതെങ്കിൽ ഇതെഴുതുയവനു എന്തോ കാര്യമായ തകരാറുണ്ട്.അങ്ങനെയാണെങ്കിൽ വേദത്തിനു ഭാഷ്യം എഴുതിയ ശങ്കരാചാര്യരെ കണ്ടാലും കുളിക്കണം എന്നു വേദ പണ്ഡിതർ അവകാശപ്പെടുമോ?.അങ്ങനെ ഇതെഴുതുയ ആൾ സമ്മതിക്കുന്നുണ്ടെങ്കിൽ അപ്രകാരം ജീവിച്ച് ലോക മാതൃക കാണിച്ച പത്ത് സന്യാസിമാരെ ചൂണ്ടി കാണിക്കണം. പറഞ്ഞ ആശയം കേവലം ശങ്കരാചാര്യ നിർദേശത്തിനെ വികലീകരിച്ചുള്ളതാണ്‌. അപ്പോൾ ശങ്കരാചാര്യർക്ക് മുൻപും ശേഷവും ഉള്ള എല്ലാ ആത്മാന്വോഷികളും മണ്ടന്മാരായിരുന്നെന്നും കേവലം സെമറ്റിക് മതങ്ങളെപോലെ ഇങ്ങനെ ജീവിച്ചാൽ മാത്രമേ സന്യാസം ആവു എന്നും പറഞ്ഞാൽ പുകൾപെറ്റ സനാതന സംസ്കാരം തീർന്നു കിട്ടും. അതാണ്‌ ഈ ബ്ളോഗിന്റെ ഉദ്ദേശം എന്നു തോന്നുന്നു. ഇവിടെ ദൈവം ഉണ്ടെന്ന് പറഞ്ഞ ആറു ദർശങ്ങൾ ഉണ്ട് അതുണ്ടക്കിയതും സന്യാസിമാരാണ്‌ ദൈവത്തെ മാനിക്കാത്ത ആറ്‌ ദർശങ്ങൾ ഉണ്ട് അതും സന്യാസിമാരുടെ വകയാണ്‌. ചുടലയിൽ ജീവിക്കുന്നവൻ തൊട്ട് കൊട്ടാരത്തിൽ സകല സുഖത്തോടും വാഴുന്നവൻ വരെ സന്യാസിമാർ വിവിധ ധർമ്മവും സംസ്കാരവും പ്രകടിപ്പിച്ച് ഭാരതത്തിൽ ഉണ്ടായിരുന്നു. അതു ഉണ്ടായിക്കൊണ്ടിരിക്കും അതില്ലാതാവുമ്പോൾ ബഹുമാന്യ ബ്ളോഗർ അറിയുക കൊട്ടി ഘോഷിക്കുന്ന നാനത്വം അസ്തമിക്കുകയും സനാതന സംസ്കാരം വീര ചരമം പ്രാപിക്കുകയും ചെയ്യും ഓരോരോ കണ്ടുപിഠിത്തങ്ങൾ (ശിവ ശിവ പോയി കുളിച്ചിട്ടു വരു എഴുതിയത് ഒരു സന്യാസിയാണ്‌)

    മറുപടിഇല്ലാതാക്കൂ
  5. സംവിദാന്തിന്റെ കവിത കൊള്ളാം, പക്ഷെ ആത്മബോധവും ആധ്യാത്മികബോധവും തീരെ അബന്ധമാണെന്നു തോന്നുന്നു. യുടൂബില്‍പോസറ്റിയ അദ്ദേഹത്തിന്റെ ചിലം പ്രസംഗങ്ങളും, പിന്നെ ഇതുപോലുള്ള ചില പോസ്ററുകളും കണ്ടപ്പോള്‍ തോന്നിയ അഭിപ്രായമാണ്. കഴിവുണ്ടെങ്കിലും, കര്‍മ്മാസക്തിയും ജീവിതാസക്തിയും ഉണ്ടെങ്കിലും പാകത ഇനിയും വരേണ്ടിയിരിക്കുന്നു. സംവിദാനന്ദ് ഇനിയും ഒരു സന്യാസി ആയിട്ടില്ല, മറിച്ച് ഒരു ജിജ്ഞാസു മാത്രമാണ് - സ്വയം തിരിച്ചറിഞ്ഞാല്‍ മുഖംമൂടികള്‍ ഒഴിവാക്കാന്‍ പഠിച്ചാല്‍ സംവിദാനന്ദിനു കൊള്ളാം. ഏതായാലും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നാല്‍വരും (വിജയകുമാര്‍ ജി, നന്ദകുമാര്‍ ജി, ചെത്തല്ലൂര്‍ ജി, സംവിദാനന്ദ് ജി) എനിക്ക് പ്രിയപ്പെട്ടവരാണ്. (ഇവരില്‍ ചെത്തല്ലൂരിനെ മാത്രമാണ് ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളത്, മറ്റുള്ളവരെക്കുറിച്ച് അറിയാമെന്നു മാത്രം) നാല്‍വരും കഴിവുറ്റവരാണ്. അതിനാല്‍ സസ്നേഹം സാദരം നിങ്ങളെ ഏവരെയും പുണര്‍ന്നുകൊണ്ടു പറയട്ടെ - ഈ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും മുകളിലാണ് സ്നേഹം. ഋഷിമാര്‍ ദര്‍ശിക്കട്ടെ, സന്യാസി സമ്യക്കാകുംവണ്ണം ത്യജിക്കട്ടെ, കര്‍മ്മയോഗി ജന്മാന്തം വരെ നിഷ്കാമകര്‍മം ചെയ്യട്ടെ, ഇതൊന്നുമാണെന്നു സ്വയം ധരിക്കുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യാത്ത സാമാന്യജനങ്ങളും (ബോധിസത്വന്മാര്‍) ആദരിക്കപ്പെടട്ടെ. Hugs.

    മറുപടിഇല്ലാതാക്കൂ
  6. ഭാഗം - 1
    സംവിദാനന്ദന്റെ ഉത്തരം കണ്ട്, ഞാനെന്റെ 10ൽ പഠിക്കുന്ന മകൻ, ഉണ്ണിയെ വിളിച്ച് പറഞ്ഞു
    ഞാൻ: "മോനേ, നീ വിജയൻ മാമന്റെ പോസ്റ്റും അതിന് ഈ മാമന്റെ മറുപടിയും വായിച്ച് എന്താ മനസ്സിലായേന്ന് പറയൂ"
    കുട്ടി പണ്ഡിതനൊന്നുമല്ല. അതുകൊണ്ട് അഭിപ്രായങ്ങൾ ശുദ്ധമായിരിക്കണം. ഭാരതീയ സാംസ്കാരിക കാര്യങ്ങളിൽ താല്പര്യ്മുണ്ട്. അഞ്ച് മിനിറ്റിൽ അവൻ വായിച്ചു തീർത്തു. പിന്നത്തെ സംഭാഷണം.

    ഉണ്ണി: "വായിച്ചു അച്ഛാ. എന്താണ് സന്യാസി, ആരാണ് സന്യാസി എന്നൊക്കെയല്ലെ വിജയൻ മാമൻ പറഞ്ഞേക്കണേ. അതൊക്കെ ആ ഉപനിഷത്തുക്കളിൽ പറഞ്ഞിട്ടുണ്ടോ?"
    (108 ഉപനിഷത്തുക്കളുടെ ഒരു വ്യാഖ്യാനം കൊടുത്തിട്ട് അതിലെ താരതമ്യേന ചെറിയ രണ്ടെണ്ണം - ഭിക്ഷുകം, ആരുണി - വായിച്ചു നോക്കാൻ പറഞ്ഞു. ഇതിൽ ഭിക്ഷുകം ശുക്ലയജുസിലും, ആരുണി സാമത്തിലും അന്തർഗതമാണെന്ന് നമുക്കെല്ലാം അറിയാമല്ലോ.)
    ചെറിയവയായതുകൊണ്ട്, 10 മിനുട്ടിലവൻ വായിച്ചു തീർത്തു.
    ഉണ്ണി: "ശരിയാണച്ഛാ, മിക്കവാറും ഇതിൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ സംവിദാനന്ദ മാമൻ "100% മണ്ടത്തരമാണെഴുതിയിരിക്കുന്നത്" എന്നു പറഞ്ഞിരിക്കുന്നത് ഉപനിഷത്തുക്കളെ പറ്റിയാണോ?"
    ഞാൻ: "അതറിയില്ല. പക്ഷേ ഉണ്ണീ ഈ, മാമൻ കുറേ ഋഷിമാരെ പറ്റി പറഞ്ഞിട്ടില്ലേ. ഈ ഉപനിഷതിൽ പറഞ്ഞിരിക്കുന്നതൊക്കെ ശരിയാണെങ്കിൽ, മാമൻ പറഞ്ഞ പോലെ വ്യാസനും മറ്റും 'സന്യാസി' അല്ലെന്നു വരില്ലെ?"
    ഉണ്ണി: "അച്ഛാ, മാമൻ എല്ലാം പഠിച്ച സന്യാസിയായതോണ്ട് തെറ്റാൻ വയ്യ. പക്ഷേ, ഞാൻ രാജാജിയുടെ ആ കൊച്ച് മഹാഭാരതം വായിച്ചപ്പോ അതീ പറഞ്ഞട്ട്ണ്ടല്ലോ വ്യാസന്റെ മക്കളാണ് ധൃതരാഷ്ട്രരും, പാണ്ഡുവും, വിദുരരും എന്ന്. പിന്നെ, ശുകൻ വ്യാസന്റെ മകനും? ന്നാളൊരു കഥേലച്ഛൻ പറഞ്ഞില്ലേ, ശുകൻ ജന്മനാ മുക്തനായിരുന്നിട്ടും കല്യാണം കഴിച്ച്, കുട്ടികളുണ്ടാവാൻ വ്യാസൻ നിർബ്ബന്ധിച്ചു എന്നൊക്കെ.?"
    ഞാൻ: "അതും ഭാരതത്തിലും, ദേവീ ഭാഗവതത്തിലും പറഞ്ഞിട്ടുള്ളതുമാണ്."
    ഉണ്ണി: "പിന്നെ വസിഷ്ഠന്റെ ഭാര്യ അരുന്ധതി. അപ്പൊ എന്തായാലും വ്യാസൻ സന്യാസിയല്ലല്ലോ അച്ഛാ. അതൊരു പരമ്പരയല്ലേ? വിഷ്ണുവിന്റെ മകൻ ബ്രഹ്മാവ്; ബ്രഹ്മാവിന് വസിഷ്ഠൻ, വസിഷ്ഠന് ശക്തി; ശക്തിക്ക് പരാശരൻ, പരാശരന് വ്യാസൻ, വ്യാസന് ധൃതരാഷ്ട്രർ പാണ്ഡു വിദുരർ ശുകൻ. ഇങ്ങനെ വ്യാസനും, വസിഷ്ഠനും, പരാശരനും ഒക്കെ കുടുമ്മായിട്ട് മരണം വരെ ജീവിച്ചിരുന്നവരല്ലെ? അവരെങ്ങനെയാ അച്ഛാ സന്യാസിമാരാവണെ?.
    ഞാൻ: "അറിയില്ല്യ ഉണ്ണീ"
    ഉണ്ണി: "ന്നാള് അച്ഛൻ പറഞ്ഞു തന്നല്ലോ ഋഷി, മഹർഷി, പരമഹംസൻ, ന്നൊക്കെള്ള വാക്ക് കൾടെ വ്യത്യാസം. അപ്പോ മാമൻ 'സന്യാസി' എന്ന വാക്കും 'ഋഷി' എന്ന വാക്കും മാറ്റി ഉപയോഗിച്ചതാണോ!"
    ഞാൻ: "ആവോ"
    ഉണ്ണി: "പിന്നെന്തിനാ എന്നെ ദൊക്കെ വായിക്കാൻ വിളിച്ചേ. പറയൂ അച്ഛാ."
    ഞാൻ: "മോൻ പറയൂ"

    മറുപടിഇല്ലാതാക്കൂ
  7. ഭാഗം - 2
    ഉണ്ണി: "അച്ഛാ, നമ്മടെ പുരാണങ്ങളിലും ഒന്നിലും സന്യാസിമാരെ പറ്റി പറഞ്ഞിട്ടില്ല്യേ? ഒരുദാഹരണം പറയൂ."
    ഞാൻ: "മോൻ വായിച്ച ഉപനിഷതുകളില്, അവര് ഒരു രാത്രി പോലും ഒരു ഗ്രാമത്തില് തങ്ങില്യാ. ഉപാസനേം പൂജേം ഒക്ക ഉപേക്ഷിച്ചവരാണ്. ഈ പ്രപഞ്ചം മുഴുവൻ നിരർത്ഥമാണെന്ന് അറിഞ്ഞ്, അതീന്ന് വിട്ട് വല്ല കാട്ടിലോ, ഹിമാലയത്തിലോ പോയി തപസ് ചെയ്യും. പിന്നെ അവരെ ആരാ കാണാ. മാത്രല്ല, മോനറിയില്ല്യേ, മോനിപ്പൊ ബ്രഹ്മചര്യല്ലേ. ഇനി വിവാഹം കഴിച്ച് ഭാര്യേം കുട്ടികളും ഒക്കെ ആയി അച്ഛനെ പോലെ ഗൃഹസ്ഥനാവും. അപ്പോ അച്ഛൻ, ഏതെങ്കിലും കാടിന്റെ അതിർത്തീല് പോയി താമസിക്കും.
    ഉണ്ണി: "അതെന്തിനാ അച്ഛാ?"
    ഞാൻ: "സന്യാസി എല്ലാം ഉപേക്ഷിക്കുന്നവനല്ലേ? വസ്ത്രം, കുടുംബം സമൂഹത്തെ പോലും ഉപേക്ഷിക്കും. എല്ലാം വിട്ട് കാട്ടിലേക്ക് പോകും. അങ്ങിനെ പോണേന് മുൻപ്, കുറച്ചു നാൾ കാടിന്റെതിർത്തീല്, 'വനത്തിലേക്ക് പ്രസ്ഥാനം' ചെയ്യാനായി താമസിക്കും."
    ഉണ്ണി: "ഓ അതാണോ വാനപ്രസ്ഥീന്ന് പറയണേ"
    ഞാൻ: "ഉം"
    ഉണ്ണി: "പക്ഷേ അച്ഛനെ ഞാൻ വിടില്ല"
    ഞാൻ: "അതിന് മോൻ ഗൃഹസ്ഥനായില്ല്യല്ലോ"
    ഉണ്ണി: "പക്ഷേ അച്ഛാ, ഈ മാമൻ എഴുതീക്കണ കണ്ടാൽ, ആരെങ്കിലും സന്യാസിയല്ല, എന്ന് പറയണത്, എന്തോ മോശായിട്ട് ള്ള കാര്യം പോലെ തോന്നൂലോ. ഒരാള് സന്യാസിയല്ലെങ്കി സന്യാസിയല്ല. അതോണ്ട് ആ ആള് ഋഷിയോ, മഹർഷിയോ, പരമഹംസനോ, വലിയ അറിവുള്ള ആളോ ആവാൻ പാടില്ല്യേ? അവര് സമൂഹത്തിന് അവരുടെ പാണ്ഡിത്യം പകർന്നു കൊടുത്താൽ അവരെ എന്തിനാ അച്ഛാ സന്യാസീ ന്ന് തന്ന്യേ വിളിക്കൂ ന്ന് നിർബ്ബന്ധം?
    ഞാൻ: "അതുപോലെ മോൻ 'ഗൃഹസ്ഥനല്ല' ന്ന് അച്ഛൻ പറഞ്ഞാ അത് മോനെ കളിയാക്കാനാണോ?
    ഉണ്ണി: "അതെങ്ങനെയാ, ഞാൻ ബ്രഹ്മചാരിയല്ലേ. അതൊരു സത്യാ."
    ഞാൻ: "ശരി പോയി കളിച്ചോളൂ"
    ഉണ്ണി: "ഞാൻ സന്യാസീം, ഗൃഹസ്ഥനും ഒന്ന്വല്ലാത്തോണ്ട് കളിക്കാലോ അല്ലെ! അച്ഛനും വരൂ"
    ഞാൻ: "പിന്നെ. ഇപ്പ അച്ഛന് ഉപനിഷത്തുക്കളിൽ പറഞ്ഞേക്കണപോലെ ഗൃഹസ്ഥന്റെ കാര്യങ്ങളൊക്കെ ചെയ്യണ്ടേ. അത് ചെയ്യാണ്ടിരുന്നാ അച്ഛൻ ഗൃഹസ്ഥനാവോ. അപ്പൊ ആരെങ്കിലും, 'നിങ്ങള് ഗൃഹസ്ഥനല്ല' എന്ന് പറഞ്ഞാ സത്യാവില്ലേ? അപ്പോ അച്ഛൻ പോയിട്ട് '100 ശതമാനം തെറ്റാണ്' അങ്ങിനെയാണെങ്കിൽ ഇപ്പോ പത്താം തരത്തിനു താഴെ പഠിക്കണ കുട്ടികളൊന്നും ഗൃഹസ്ഥന്മാരല്ലേ? എന്താ ഇയാൾ ടെ ഉദ്ദേശം, രാമ രാമ പോയി കുളിച്ചട്ട് വരൂ ന്നൊക്കെ പറഞ്ഞ മോനും കൂടി അച്ഛനെ കളിയാക്കില്യേ"
    ഉണ്ണി: "ഹഹ. ഞാൻ കളിക്കാൻ പോണൂ.
    ഞാൻ: "ശരി സൂക്ഷിക്കണം"

    കൃഷ്ണാ! ഉണ്ണിക്കറിയണത്രേങ്കിലും അറിഞ്ഞാ മതീര്ന്നു,
    'എല്ലാ അത്മാന്വേഷികളും' ബ്രഹ്മചാരികളായിരുന്നു എന്ന് മനസ്സിലാക്കാൻ.
    ശങ്കരാചാര്യർ "കാഷായാംബര ബഹുകൃതവേഷ: ഉദരനിമിത്തം ബഹുകൃത വേഷം" എന്നൊക്കെ പറഞ്ഞേക്കണതറിയാൻ.
    സെമിറ്റിക് മതങ്ങളിലെ 'സന്യാസി' എന്ന് വിളിക്കപ്പെടണോരൊന്നും സംസ്കൃതാർത്ഥത്തിലും, ആർഷ സാംസ്കാരികാർത്ഥത്തിലും 'സന്യാസി' മാരായിരുന്നില്ലാ ന്നറിയാൻ.
    എല്ലാ ദർശനങ്ങളും, ഋഷി മാരാണുണ്ടാക്കിയത്, സന്യാസിമാരല്ലാ എന്നറിയാൻ. കൊട്ടാരത്തിൽ സകല സുഖത്തോടും വാഴുന്നവർ സന്യാസിമാരല്ലാ ന്ന് മനസ്സിലാക്കാൻ.
    എന്തിന് സന്യാസി! ആർഷ ഭാരത്തിലിപ്പൊ വാക്കുകളുടെ അർത്ഥങ്ങളെല്ലാം നഷ്ടപ്പെട്ടില്ലേ!. 'ചാതുർവർണ്യം ചതുരാശ്രമം ന്യൂനപക്ഷം മതേതരത്വം ജനാധിപത്യം സ്ത്രീ സ്വാതന്ത്ര്യം സമത്വം'; അങ്ങിനെ എല്ലാം അനർത്ഥങ്ങളായി. അപ്പോ പിന്നെ വിവാഹം കഴിച്ച് ജീവിക്കാൻ ധൈര്യല്ല്യാത്ത കുറച്ചു പേർ, വിവാഹം കഴിഞ്ഞ് സുഖമായ കുടുംബ ജീവിതം നയിക്കുന്നവരോട് പോയി, 'അസക്തിരനഭിഷ്വംഗ: പുത്ര ദാരഗൃഹാദിഷു' എന്നൊക്കെ പറയാൻ തുടങ്ങ്യാൽ "ഈശ്വരോ രക്ഷതു".

    മറുപടിഇല്ലാതാക്കൂ
  8. "ശിവ ശിവ പോയി കുളിച്ചിട്ടു വരൂ എഴുതിയത് ഒരു സന്ന്യാസിയാണ്" എന്ന ഒറ്റ പരിഹാസവചനം കൊണ്ട് ഒരു കാര്യം അതെഴുതിയ സംവിദാനന്ദന്‍ സന്ന്യാസിയല്ല, മറിച്ച്, സന്ന്യാസിവേഷധാരിയായ സുഖിമാനോ അല്ലെങ്കില്‍ കള്ളസന്ന്യാസിയോ ആണ്. ഒരു ഗൃഹസ്ഥനായ ഞാന്‍ എഴുതുന്ന ഈ മറുപടി ഒരു സന്ന്യാസിയെന്നവകാശപ്പെടുന്ന നിങ്ങള്‍ ബഹുമാനത്തോടെ എഴുന്നേറ്റുനിന്നു വായിക്കണം. ബ്ളോഗില്‍ പറയുന്ന കാര്യങ്ങളില്‍ ഒരു ശതമാനം പോലും മണ്ടത്തരമില്ല. മുഴുവനും ശരിയാണ്. നിങ്ങളുടെ മറുപടിയാണ് ആനമണ്ടത്തരം. വ്യാസനും വസിഷ്ഠനും പരാശരനും ഒക്കെ സന്ന്യാസിമാരായിരുന്നുവെന്നു നിങ്ങളോടാരു പറഞ്ഞു? അവരാരും സന്യാസിമാരേയായിരുന്നില്ല. ഭാര്യയും മക്കളും ഉള്ള വസിഷ്ഠനും, പരാശരനും, കുടുംബം കൂടാതെ അമ്മയുടെ ആജ്ഞയനുസരിച്ച് വിചിത്രവീര്യന്‍റെ ഭാര്യമാര്‍ക്കും ദാസിക്കും ഗര്‍ഭാദാനവും ചെയ്ത വ്യാസനും എങ്ങനെ സന്യാസിമാരാകും? അതോ ഇതൊക്കെ കഴിഞ്ഞാണോ വ്യാസന്‍ നിങ്ങളുടെ അഭിപ്രായത്തിലെ സന്ന്യാസിയായത്? കോപിക്കുന്നവന്‍ സന്ന്യാസിയല്ലതന്നെ. ദുര്‍വ്വാസാവ് സന്ന്യാസിയാണെന്നാരു പറഞ്ഞു? ദുര്‍വ്വാസാവ് വെറും കോപിഷ്ഠന്‍ മാത്രമല്ല. ക്രോധഭട്ടാരകനാണ്. ക്രോധത്തിന്‍റെ ചക്രവര്‍ത്തി! ഇവരെല്ലാവരും താന്ത്രിക ഋഷിമാരായിരുന്നു. അസാമാന്യമായ തപഃശക്തിയുള്ളവരും ന്യായാന്യായങ്ങളും കൃത്യാകൃത്യതകളും ഇല്ലാത്തവരുമായ അവധൂതന്മാര്‍. ഈ ബ്ളോഗില്‍ പറഞ്ഞിട്ടുള്ള ഒന്നും വികലാശയമല്ല. "സന്ന്യാസി എന്നു പറയപ്പെട്ട ശ്രീരാമകൃഷ്ണ"നോ? ആരു പറഞ്ഞു? ശുദ്ധ താന്ത്രികനായ ശ്രീരാമകൃഷ്ണപരമഹംസര്‍ സന്ന്യാസിയാണെന്നു സാമാന്യജ്ഞാനവും ബോധമുള്ള ആരും പറയുകയില്ല. തന്നെ വേദാന്തിയാക്കല്ലേ എന്നു പലവട്ടം പറഞ്ഞിട്ടുള്ള ആളുമാണ് പരമഹംസര്‍. വൈഷ്ണവ സന്യാസി എന്നൊരു വിഭാഗം എന്നു ആരില്‍ നിന്നു രൂപപ്പെട്ടതാണാവോ? അപ്പോള്‍ അവൈഷ്ണവ സന്യാസിമാര്‍ ഏത് വിഭാഗം? നാരായണ ഗുരുവും ചട്ടമ്പിസ്വാമിയും കാവി ധാരികളായിരുന്നോ? പരമഹംസരുടെ കാലശേഷമാണ് വിവേകാനന്ദന്‍ കാവി ധരിച്ച് വിദേശയാത്രക്കിറങ്ങിയത്. ഉപനിഷത്താണ് പ്രമാണം എന്ന് കൂടെക്കൂടെ ഉദ്ബോധിപ്പിച്ചിരുന്ന വിവേകാനന്ദനെ തന്നെ പ്രമാണമാക്കി ചോദിക്കുന്നു: നിങ്ങള്‍ ഇവിടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഏത് ഉപനിഷദ് പ്രകാരമാണ്? ബ്ളോഗില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ "വൈദികധര്‍മ്മവുമായി ബന്ധമുള്ള വികലത്തരങ്ങള്‍ മാത്ര"മെന്നു നിങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ വേദവിരുദ്ധനായിരിക്കുന്നു. വേദവിരോധിയും. അങ്ങനെയുള്ള സനാതനവിരോധികളെ തിരിച്ചറിയാന്‍ തന്നെയാണ് ഈ ബ്ളോഗ്. സ്വര്‍ണ്ണ ഫ്രെയിമുള്ള കണ്ണട, സ്വര്‍ണ്ണ പൊടിക്കുപ്പി, വിലകൂടിയ മസ്ലിന്‍ കാവി, സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷം, സ്വര്‍ണ്ണമെതിയടി എന്നിവയുമായി സ്വര്‍ണ്ണാനന്ദനായ ചിന്മയാനന്ദന്‍ ആര്‍ക്കാണ് സന്ന്യാസിയാകുന്നത്? നിങ്ങളെപ്പോലുള്ള കപട സന്യാസിമാര്‍ക്കു മാത്രം. "വേദത്തിനു ഭാഷ്യം എഴുതിയ ശങ്കരാചാര്യ"രോ? അതേതു വേദം? അതേതു ശങ്കരാചാര്യര്‍? പുതിയ അറിവു തന്നെ!! ഞാന്‍ കേട്ടിട്ടുള്ള ശങ്കരാചാര്യര്‍ താന്ത്രികവിദ്യ ഉപയോഗിച്ച് അമരുകന്‍റെ ശരീരത്തില്‍ പ്രവേശിച്ച് അയാളുടെ ഭാര്യയുമായി രമിക്കുകയും, അമ്മയുടെ ആഗ്രഹപ്രകാരം മന്ത്രശക്തിയാല്‍ ത്രിമൂര്‍ത്തികളെ അമ്മയ്ക്ക് കാണിച്ചു കൊടുക്കുകയും, അമ്മയുടെ അവസാന കാലത്ത് മന്ത്രശക്തിയാല്‍ കാശിയില്‍ നിന്നും കാലടിയിലേക്ക് ആകാശഗമനം നടത്തുകയും അമ്മയുടേ മൃതദേഹം ദഹിപ്പിക്കാന്‍ വാഴപ്പോളയില്‍ ജ്വാലാമാലിനി മന്ത്രം കൊണ്ട് അഗ്നിജ്വലിപ്പിക്കുകയും ഒക്കെ ചെയ്ത താന്ത്രികനാണ്. ഇവരെയൊന്നും കണ്ടാലല്ല കുളിക്കേണ്ടത്. സന്ന്യാസിയെക്കണ്ടാലാണ് ഉടുത്തവസ്ത്രത്തോടെ കുളിക്കേണ്ടത്. കള്ളസന്ന്യാസിയെക്കണ്ടാല്‍ കുളീക്കേണ്ടതില്ല. സംവിദാനന്ദന്‍ ബഹുമാനിക്കുന്ന "സന്ന്യാസി"യായ ശങ്കരന്‍ "ഉദരനിമിത്തം ബഹുകൃതവേഷം" എന്നു പരിഹസിച്ചത് വൈദികനെയോ, താന്ത്രികനെയോ, ഗൃഹസ്ഥനെയോ അല്ല. മറിച്ച് കാഷായധാരികളെയാണ്.. പിന്നെ സംവിദാനന്ദനുവേണ്ട മാതൃകാ സന്ന്യാസിമാരെ ചൂണ്ടീക്കാണിക്കേണ്ട ബാധ്യത ഈ ബ്ളോഗര്‍ക്കില്ല. ഈ ബ്ളോഗ് ഗൃഹസ്ഥര്‍ക്കുള്ളതാണ്. സന്യാസിമാരുടെ മഹത്വം വര്‍ണ്ണിക്കാനുള്ളതല്ല. അതു വേണമെങ്കില്‍ നിങ്ങള്‍ക്കാവാം. ശങ്കരാചാര്യര്‍ക്കു മുന്‍പും പിന്‍പും ഉള്ള ആത്മാന്വേഷികളെല്ലാം മണ്ടന്മാരായിരുന്നുവെന്നു ആരും പറയാതെ നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി? ശങ്കരാചാര്യര്‍ക്കു മുമ്പുള്ള ഋഷികളുടെ ആഗമ-വേദ-ഉപനിഷത്തുക്കളാണ് ഈ ബ്ളോഗിനാധാരം. അതിന്‍റെയെല്ലാം ലിങ്കുകള്‍ ചേര്‍ത്തിട്ടുമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  9. സെമറ്റിക് മതങ്ങളുടെ കാര്യം ഇവിടെ അപ്രസക്തമാണ്. സന്യാസി എങ്ങനെയാണെന്ന് ഉപനിഷത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയായാലെ സന്ന്യാസിയാവൂ. അതുകൊണ്ടു തീരുന്നതല്ല പുകള്‍പെറ്റ സനാതനസംസ്കാരം. സനാതനസംസ്കാരം ഗൃഹസ്ഥനുള്ളതാണ്. അത് എങ്ങനെ സംരക്ഷിക്കണമെന്നും ഗൃഹസ്ഥനറിയാം. അതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഈ ബ്ളോഗും. ഒരു ദര്‍ശനവും സന്യാസിയുണ്ടാക്കിയതല്ല. ഷഡ്ദര്‍ശനങ്ങളെല്ലാം ഋഷിമാരുണ്ടാക്കിയതാണ്. അവര്‍ കാവി ധരിച്ചിരുന്നതിനു നിങ്ങള്‍ക്കു തെളിവുണ്ടോ? വേദവും അനുബന്ധദര്‍നങ്ങളും ബ്രഹ്മാവില്‍ നിന്നു വന്നതാണെന്നു പറയപ്പെടുന്നു. ബ്രഹ്മാവിനു നിങ്ങള്‍ സന്ന്യാസ ദീക്ഷ കൊടുത്തോ? ഋഷിമാര്‍ സന്ന്യാസിമാരാണെന്നു നിങ്ങള്‍ തീരുമാനിച്ചത് ചിത്രകഥ, സിനിമ, ടി. വി. സീരിയല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണോ? രാമാനന്ദസാഗറിന്‍റെ രാമായാണം സീരിയല്‍ കണ്ട് വസിഷ്ഠന്‍ സന്ന്യാസിയാണെന്നു തീരുമാനിച്ച നിങ്ങളെ വിശേഷിപ്പിക്കാനുള്ള ഉത്കൃഷ്ടപദത്തിന്‍റെ വിശേഷണരൂപത്തിലാണല്ലോ നിങ്ങളുടെ അഭിപ്രായപ്രകടനം തുടങ്ങിയത്. "ചുടലയില്‍ ജീവിക്കുന്നവന്‍ തൊട്ട് കൊട്ടാരത്തില്‍ വരെ"യുള്ളവര്‍ ഋഷിമാരാണ്. അവരാരും സന്ന്യാസിമാരല്ല. ഋഷിമാര്‍ എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ട്. സന്ന്യാസിമാര്‍ സാമാന്യേന കാട്ടിലേ കാണൂ‍. ചുരുക്കം ചിലപ്പോള്‍ നാട്ടിലും. കുറച്ചുസമയത്തേക്കു മാത്രം. ധരാളം നാട്ടില്‍ കാണുന്നത് ഉദരംഭരികളാണ്. ശിവ ശിവ നിങ്ങലേതായാലും കുളിക്കണ്ട. ഇതെഴുതുന്നത് ഒരു ഗൃഹസ്ഥനാണ്. നിങ്ങളുടെ യജമാനന്‍.

    മറുപടിഇല്ലാതാക്കൂ
  10. സന്ന്യാസിയെക്കുറിച്ച് ഭഗവത്ഗീതാകാരനും പറയുന്നുണ്ട്. ജ്ഞേയ സഃ നിത്യസന്ന്യാസി യോ ന ദ്വേഷ്ടി ന കാംക്ഷതി. ദ്വേഷവും ആഗ്രഹങ്ങളും സന്ന്യാസിക്കു പാടില്ലാത്തകാര്യങ്ങളുടെ കൂട്ടത്തില്‍ ഗീതാകാരനും ചേര്‍ത്തിരിക്കുന്നു. ദ്വേഷം അതിന്‍റെ അനുബന്ധകാരണങ്ങളെയും സ്വാഭാവികമായി ഉള്‍ക്കൊള്ളണമല്ലോ? ദ്വേഷം കോപത്തില്‍ നിന്നുളവാകുന്നതുതന്നെയാണ്. അപ്പോള്‍ ദ്വേഷിക്കുന്നവന്‍ കോപിക്കുന്നവന്‍ കൂടിയാണെന്നും അതു സന്ന്യാസിക്കു പാടില്ലാത്തതാണെന്നും സിദ്ധിക്കുന്നു. സന്ന്യാസി സര്‍വ്വസംഗപരിത്യാഗിയാണ്. സെമറ്റിക് മതങ്ങളില്‍ മതങ്ങളുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് മതപ്രചാരണത്തിന് വേണ്ടി യത്നിക്കുന്ന
    മിഷനറിമാരാണ് ഉള്ളത്. സന്ന്യാസി മിഷനറിയല്ല. സന്ന്യാസിക്ക് ഒന്നും പ്രചരിപ്പിക്കാനില്ല. സന്ന്യാസി പുരോഹിതനല്ല. കത്തോലിക്കാമതത്തില്‍ പുരോഹിതന്‍ വിവാഹചടങ്ങുകള്‍ക്കു പൌരോഹിത്യം വഹിക്കുന്നതുപോലെ സന്ന്യാസിക്കു ചെയ്യാനാവില്ല. കത്തോലിക്കാമതത്തില്‍ കഷ്ടിച്ചു സന്ന്യാസിനി എന്നു പറയാവുന്നത് കന്യാസ്ത്രീകളെക്കുറിച്ചാണ്. അവര്‍ വിവാഹാദി ചടങ്ങുകളുടെ പൌരോഹിത്യം വഹിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. കത്തോലിക്കാ പുരോഹിതനേപ്പോലെ ഞാനും ഇതിനൊക്കെ പറ്റിയ ആളാണെന്നു സ്വയം വിശ്വസിച്ചാണ് ഇന്നു പല കാഷായവേഷധാരികളും ഇത്തരം ചടങ്ങുകളില്‍
    ഞെളിഞ്ഞിരിക്കുന്നത്. തൃതീയപുരുഷാര്‍ത്ഥപൂര്‍ത്തിക്കാണ് വിവാഹം. സന്ന്യാസിക്കവിടെയെന്തു കാര്യം? പൊന്നുരുക്കുന്നിടത്തു പൂച്ചയെപ്പോലെ? "ആമയെ ചുടുമ്പോള്‍ മലര്‍ത്തിചുടേണ"മെന്നു പറയാനോ? അച്ഛനമ്മമാര്‍ക്കും അവനവനും വേണ്ടി പിണ്ഡം വെച്ച് ബന്ധങ്ങളുപേക്ഷിച്ചവനാണു സന്ന്യാസി. അച്ഛനമ്മമാരെ സംരക്ഷിക്കാനും കുടുംബജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും മടിയുള്ളവന്‍ കാവിയുടുത്ത് ഗൃഹസ്ഥന്‍റെ ചെലവില്‍ ആര്‍ഭാടമായി ജീവിക്കുന്ന കള്ളത്തരത്തെയാണ് ഈ ബ്ലോഗ് പ്രതിയാക്കുന്നത്. അങ്ങനെയുള്ളവര്‍ക്ക് ഇത് ഇഷ്ടപ്പെടില്ല, തീര്‍ച്ച. അത് നീതിമത്കരിക്കാന്‍ ഋഷിമാരെല്ലാം സന്ന്യാസിമാരാണെന്നും അവര്‍ ആര്‍ഭാടമായി ജീവിച്ചിരുന്നുവെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സൃഗാലന്യായമാണ്. പാഗന്‍ വേഷഭൂഷാദികളും, അധികാരചിഹ്നങ്ങളും അണിഞ്ഞ കത്തോലിക്കാ പുരോഹിതന്‍ അരമനയില്‍ താമസിക്കുകയും അതിരുകളില്ലാത്ത ആര്‍ഭാടത്തില്‍ മുങ്ങി ജീവിക്കുകയും ചെയ്യുന്നു. അത് മതത്തിലെ അംഗങ്ങളുടെ ചെലവിലാണ്. അതിന്‍റെ ഹൈന്ദവസമാന്തരമല്ല സന്യാസി. ഉടു‍ത്തിരിക്കുന്ന വസ്ത്രമല്ലാതെ യാതൊന്നും
    സ്വന്തമായില്ലാത്തവനാണു ഹിന്ദുസന്ന്യാസി. കത്തോലിക്കാ പുരോഹിതനു സഭാംഗങ്ങളുടെ ഏതു കാര്യത്തിലും ഇടപെടാം, അഭിപ്രായം പറയാം, തീരുമാനങ്ങളെടുക്കാം. അവരുടെ മതസംഘടന അങ്ങനെയാണ്.
    ഹിന്ദുസന്ന്യാസിക്കതു പറ്റില്ല. ഹിന്ദു അത്തരം ഒരു മതസംഘടനയുമല്ല. കത്തോലിക്കാപുരോഹിതന് ഒരു ഹിന്ദുസമാന്തരം ഉണ്ടാക്കാനും എന്തു തോന്ന്യവാസവും പറഞ്ഞ് ജോലിയൊന്നും ചെയ്യാതെ മറ്റുള്ളവരുടെ ചെലവില്‍ സുഖിച്ചു ജീവിക്കാനും ശ്രമിക്കുന്ന "ആധുനിക സന്ന്യാസി"മാരെ ഈ ബ്ലോഗ് നഖശിഖാന്തം എതിര്‍ക്കുന്നു. ക്ഷേത്രപരിസരത്തിരുന്ന ഒരു അവധൂതന്‍ തന്നോട് ഭിക്ഷ യാചിച്ച ഒരാളോട് തന്‍റെ കയ്യില്‍ ഒന്നുമില്ലെന്നും, ക്ഷേത്രത്തിന്‍റെ മുമ്പില്‍ ഭിക്ഷാപാത്രത്തോടെ ഇരുന്ന, സന്ന്യാസം സ്വീകരിച്ച, ഭര്‍ത്തൃഹരിയെ ചൂണ്ടിക്കാണിച്ച്, "അയാള്‍ ധനികനാണ്. ചോദിച്ചാല്‍ എന്തെന്കിലും തരും" എന്നു പറയുകയും, ഇതറിഞ്ഞ ഭര്‍ത്തൃഹരി ഭിക്ഷാപാത്രം ഉപേക്ഷിച്ചു എന്നുമൊരു കഥ കേട്ടിട്ടുണ്ട്. "കാക്കയും കൊക്കും ഇവിടെയില്ല" എന്നൊരു വീട്ടമ്മ സന്ന്യാസിയോടു പറഞ്ഞ ഉപനിഷദ്കഥയും ഉണ്ട്. ആര്‍ഭാടമായി സുഖിച്ചു ജീവിച്ചിരുന്ന ചിന്മയാനന്ദന്‍ ഒരു മിഷനറി മാത്രമാണ്. അദ്ദേഹം ഭഗവത്ഗീത പ്രചരിപ്പിച്ചിരുന്നു. അത്രമാത്രം. അദ്ദേഹവും സന്യാസവുമായി എന്തു ബന്ധം? വിലകൂടിയ കാവി ഉടുത്തിരുന്നു എന്നുള്ളതല്ലാതെ?
    ചതുര്‍ത്ഥപുരുഷാര്‍ത്ഥപൂര്‍ത്തിക്കുവേണ്ടി മറ്റെല്ലാമുപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ചു പോകുന്നവന് ഒരുനേരത്തെ ആഹാരവും അത്യാവശ്യത്തിനു വസ്ത്രവും ഗൃഹസ്ഥന്‍ കൊടുക്കുന്നു. അതു ഗൃഹസ്ഥന്‍റെ ഔദാര്യമാണ്. അത്രയേയുള്ളൂ. അതില്‍ക്കൂടുതലില്ല. അതില്‍ക്കൂടുതല്‍ വാങ്ങാന്‍ ശ്രമിക്കുന്നവന്‍ ഇത്തിക്കണ്ണിയാണ്. അത്തരം ഇത്തിക്കണ്ണികളാണ് സനാതനസംസ്കാരത്തെ നശിപ്പിക്കുന്നത്. അമ്മയുടെ അന്ത്യക്രിയചെയ്യാന്‍ വന്നെത്തിയെന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ശങ്കരാചാര്യര്‍ സന്ന്യാസിയല്ലെന്നു വ്യക്തമാകുന്നുണ്ട്. സന്ന്യാസിക്ക് പൂര്‍വ്വാശ്രമത്തിലുള്ള മാതാപിതാക്കന്‍മാരുമായി എന്തു ബന്ധം? "അമ്മേ എന്നെ ഈ ഹസ്രയെപ്പോലെ ഒരു
    ശുഷ്കവേദാന്തിയാക്കരുതേ എനിക്ക് അമ്മ അമ്മയായും ഞാന്‍ മകനായും ഇരുന്നാല്‍ മതി" എന്ന പരമഹംസരുടെ ദേവിയോടുള്ള പ്രാര്‍ത്ഥന പരമഹംസര്‍ ആരായിരുന്നു എന്ന് സംശയാതീതമായി വ്യക്തമാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. ആത്മപിണ്ഡം വെച്ച സന്ന്യാസി മരിച്ചവനു തുല്യമാണ്. നിയമപരമായും സന്ന്യാസി മരിച്ചവനാണ്. മരിച്ചവനായതുകൊണ്ടാണ് അശുഭനാകുന്നതും. ഒരു മംഗളകര്‍മ്മം നടക്കുന്നിടത്ത് ഒരു മൃതശരീരം ആരെങ്കിലും കൊണ്ടുവരുമോ? യഥാര്‍ത്ഥത്തില്‍ സന്യസ്തഹൃദയനായ ഒരാള്‍ ഒരു വിവാഹകര്‍മ്മം നടക്കുന്നതിന്‍റെ അടുത്തുപോലും വരാന്‍ പാടില്ലാത്തതാണ്. അത്തരം ഒരാളുടെ സാന്നിദ്ധ്യം ആ കര്‍മ്മത്തെ അമംഗളമാക്കുക മാത്രമല്ല അതിന്‍റെ ഫലസിദ്ധിയെയും ബാധിക്കുന്നു. ഇപ്പോള്‍ പല വിവാഹവേദികളിലും കാഷായവേഷധാരികളുടെ നിറഞ്ഞ സാന്നിദ്ധ്യം കാണുന്നുണ്ട്. അവര്‍ വെറും സന്ന്യാസവേഷധാരികള്‍ മാത്രമായതുകൊണ്ട് വധൂവരന്മാര്‍ രക്ഷപ്പെടുന്നു എന്നേ പറയേണ്ടൂ!! സമൂഹത്തില്‍ ചെയ്യാനുള്ളകാര്യങ്ങളെല്ലാം ഗൃഹസ്ഥനുള്ളതാണ്. ആ സമൂഹത്തെ ഒരു ദാസന്‍റെ ഭാവത്തില്‍ സന്യാസിക്കു സേവിക്കാവുന്നതാണ്. സേവിക്കേണ്ടതുമാണ്. അതിനാണ് സമൂഹം സന്ന്യാസിക്കു ഭക്ഷണം നല്കുന്നത്. സമൂഹം ഗൃഹസ്ഥന്മാര്‍ക്കും ബ്രഹ്മചാരികള്‍ക്കുമുള്ളതാണ്. അതായത് ഗൃഹസ്ഥന്മാര്‍ക്കും ഗൃഹസ്ഥന്മാരാകാന്‍ പോകുന്നവര്‍ക്കും.

    മറുപടിഇല്ലാതാക്കൂ
  12. Venugopal Sreenivasan ji, Excellent! I am spellbound! I bow to you! Hugs. <3

    മറുപടിഇല്ലാതാക്കൂ